Aug 19, 2009

മാരിയപ്പന്‍

മലയിറങ്ങിയ
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്

കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു

മുതുവാ ചെണ്ട

തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍

മാരിയപ്പന്‍

ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്‍
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത്‌ പെയ്ത്‌ ...


Aug 11, 2009

പെയ്ത്ത്‌

മേച്ചിലില്‍പെയ്ത്ത്‌ തീരും

മേച്ചിലിനും തറയ്ക്കുമിടയില്‍
ഞങ്ങളൊരുമിച്ചു പെയ്യും ,

മണ്ണിനടിയില്‍ പെയ്ത്
വിത്തുകളെപിടിച്ചുണ ര്‍ത്തി
ഉറക്കെയുറക്കെ ചിരിക്കും
തെന്നിത്തെറി ക്കാന്‍
വഴികളെ അഴിച്ചുപണിയും
മലകളെ,അതിലെ മരങ്ങളെയും
വീടിനടുത്ത്‌ കൊണ്ട് വന്ന്‍നിര്‍ത്തിത്തരും
പുഴ വന്നടുത്ത്
കെട്ടിപ്പിടിച്ച് കിടക്കും

മണ്ണിലേക്കുതാഴാത്ത
ഉള്ളിലെ കാറിന്‍
ചൂടന്‍ പെയ്ത്തുകള്‍

ഞാന്‍

വഴിപോലെ
മലര്‍ന്നു നോക്കി
ആരും നടന്നു പോയില്ല

മരം പോലെ
ആകാശത്തുയര്‍ന്നു നോക്കി
ആരും കൂട് കെട്ടിയില്ല

പുഴ പോലൊന്നോഴുകി
തോണി തുഴയാന്‍
നേരമാര്‍ക്ക്‌

അകവും പുറവും

ചിരിയാണകത്തും പുറത്തും
കതകില്‍ ഞാന്‍ മുട്ടുന്നു
തരുമോ അല്‍പ്പം ചിരിതന്‍ മഴ

വാതലിനപ്പുറം തോരുന്നൂ ചിരി
ഒരുവളെ കാണുവാന്‍ കാത്തുനില്‍ക്കും

വഴിപോല്‍ ചന്കിടിപ്പിന്‍ കരച്ചില്‍
വിസ്മയം ,ചിരിതന്‍ മഹാവര്‍ഷതിമില
കാതില്‍ മുഴങ്ങെ ലോകമെത്രമേല്‍
ചെറുതെന്നും;മുള്ളിന്‍ കൂര്‍ത്ത
ചുംബനമാണ് വലുതെന്നും
ഞാനും നീയുമീ കൊടും മൗനവും
നിരന്തരമുച്ചരിക്കയാലാകണം
വഴികളിത്രമേല്‍ ചിരിതന്‍
കടലാഴമാകുന്നതും,ഞാനതില്‍തൊട്ട്
വിലാപവേദമുച്ചരിക്കുന്നതും,

കരച്ചിലാണെന്നകത്തും പുറത്തും!

Aug 9, 2009

വഴികള്‍ തൊട്ടടുത്തിരുന്നു പറയുന്നതുപോലെ തോന്നുന്നുണ്ടോ ?

പ്രണയമെന്നോ
ഈ വഴിക്ക് പേര്‍ ?

കറുത്ത മുഖത്താലെന്നെ
നോക്കി നീണ്ട് വലിഞ്ഞ്..

പഴയ സുല്‍ത്താന്മാര്‍
ചക്രവര്‍ത്തികള്‍, ഗാമമാര്‍ ,
ചരിത്രത്തിന്റെ കുതിര കയറിയ വഴിയിത്‌.

ഈ വഴിയിലല്ലേ
കിനാവിന്റെ
തലയറ്റ്‌ കിടന്നു പിടഞ്ഞതും
വായ്ത്തലയുടെ
ധീരച്ചരിതങ്ങള്‍ക്ക്
നടക്കാന്‍
തന്റെ കൈകള്‍ നീട്ടിയതും..

ഇതിനോ
പ്രണയമെന്നു
നാമുറക്കത്തിലും...

പഴയകാലം
പുതുവഴിയിലൂടെ
റോന്തു ചുറ്റുന്നുണ്ട്
കൃത്യവും,ചടുലവുമായ
അതേ ഈണത്തില്‍
ഇങ്ങോട്ടു വരേണ്ട
വരുന്നുണ്ടെന്നാണ്
പലവഴികളും
കാണുമ്പോള്‍ പറയുക

ഏറ്റവും പുതിയ മണവുമായെത്തി
ഏതോ കാലൊച്ചകള്‍

ഇരുന്നാല്‍ മതിയെന്നവള്‍
പഴയ വാക്കുതന്നെ
പ്രണയമെന്നുതന്നെ
ഈ വഴിയ്ക്ക് പേര്‍!

പഴയ കപ്പല്‍ പായകള്‍
തൊട്ടടുത്തിരുന്നു പറയുന്നു:
"ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ വാ ചങ്ങാതീ.."
**************************************
എന്‍.എന്‍ .കക്കാടിന്റെ വരികളോട് കടപ്പാട്‌





പച്ചവഴികള്‍

നിറങ്ങളെല്ലാമടുത്തുനില്ക്കുന്നു

കാട്ടകത്തിന്‍ നിറത്തില്‍
കുത്തിയ പച്ചയായി
വെയില്‍ കിടക്കും
വഴിതന്‍ മഞ്ഞയായി
വീടിനുള്ളില്‍ നിറയും
മൗനത്തിന്‍ കറുപ്പായി
ഏത് തൊട്ടു വരയ്ക്കണം
മനസ്സിലെ അമൂര്‍ത്തചിത്രം ?

മഴയുടെ ചിത്രം വരഞ്ഞിട്ടു
പൂക്കള്‍ വരയ്ക്കാം
അടിയിലാകാശമെന്നെഴുതി വെയ്ക്കാം
ഏത് വരച്ചാലും
തിരിഞ്ഞു പോകുന്നു.
ഇല വരയ്ക്കവേ
സൂര്യനാവുന്നൂ..
സൂര്യനോ
മഴയുടെ ചിത്രമെഴുതുന്നു.

മഴയുണ്ട് മുന്നില്‍
കണ്ടു വരയ്ക്കാന്‍
നിന്നുതരില്ലവള്‍

മഞ്ഞച്ചായങ്ങള്‍ കൊണ്ട്
വരച്ച വരയില്‍ തുടങ്ങാം
ജീവിതം പോല്‍
രൂപമില്ലാ നിഴലുകള്‍

എത്ര വരഞ്ഞാലും
തീരാത്ത പച്ചപോല്‍
നിറയുന്നൂ മനസ്സില്‍
കനം വച്ച യാത്രകള്‍...


Aug 6, 2009

ക്യാന്‍സര്‍ വാര്‍ഡിലെ മഴ

ഇയ്യോബിന്റെ പുസ്തകം
പോലീ നഗരം
തീവെളിച്ചത്തിലേക്ക്
പെയ്യും മുറിവുകള്‍
രാവു മുഴുവന്‍
ഉണര്‍ന്നിരുന്ന്
പകലുറങ്ങും മരങ്ങള്‍
പീള കെട്ടിയ കണ്ണുമായി
നിരത്തിയിട്ട കുഞ്ഞുങ്ങള്‍
പറന്നുവീഴും
ചില്ലറയിലൂടെ നടത്തം...

ഒരു മഴവില്ല് പോലും
തികച്ചുകാണാതെ
വെള്ളാട പുതച്ച്
താഴത്തെ നിലയിലേക്കിറങ്ങി-
പോയൊരു കുട്ടി
ഇന്നത്തെ മഴയ്ക്കൊപ്പം
മുറിയിലെത്തി.

"വേദനകളുടെ
ആയിരം മഴവില്ലുകള്‍
ഞാന്‍ കണ്ടിരുന്നു.
മൊട്ടത്തലയ്ക്ക് ചുറ്റും
പറപ്പകളും,തുമ്പികളും
വലയങ്ങളായത്...

പഴുത്ത പ്ലാവില കളായിരുന്നീ
മുറി നിറയെ
തൊപ്പി തുന്നാന്‍
ഉപയോഗം കഴിഞ്ഞ സൂചികള്‍..."

കോശങ്ങള്‍ പൂക്കുന്നയീ-
ഇടത്തില്‍ നിന്ന്
എത്ര ശബ്ദങ്ങളാണ്
തൂത്തു മാറ്റുന്നത്

കടുത്ത മണങ്ങള്‍ക്കൊപ്പം
മൂടിപ്പുതച്ച് കണ്ണ് മിഴിച്ച്
സ്ട്രെക്‌ച്ചറില്‍
ഞാന്‍ നടന്നുപോയി .

ജനറല്‍ വാര്‍ഡില്‍
നിന്നൊരു കൂട്ടക്കരച്ചില്‍
കൈവിരല്‍ പിടിച്ച്
മഴയിലേക്കിറങ്ങുന്നു...


Aug 2, 2009

സൂര്യന്‍

ടോര്‍ച്ചുവെട്ടം
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിയ്ക്കെ
പണ്ട്‌
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്‍
പാലത്തിന്‍ പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.

ഇരട്ട പ്പാറയുടെയാഴങ്ങളില്‍
മുങ്ങാ ങ്കുഴിയിട്ട്‌നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍ കണ്ട
അതേ ചെലോടെ..

തുരുത്ത്തിന്‍കരയില്‍
മണിമരുതിന്‍ ചോട്ടില്‍
ചൂണ്ടയിട്ടോര്‍ത്തിരുന്നു
ആരോനും,പൂളോനും
താളത്തില്‍ മറിഞ്ഞു കളിച്ചു.

ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്‍
സൂര്യന്‍ വിരല്‍ തൊട്ടു.

Aug 1, 2009

അപ്ലൈഡ് ആര്‍ട്ട്


പലനിറമുള്ള തകരബോര്‍ഡുകള്‍
പലനിറമുള്ള ബ്രഷുകള്‍
കഴ വെച്ചുകെട്ടിമുകളിലെ
ബോര്‍ഡിന്റെ പ്രതലത്തിലേക്ക് നോക്കി
അയാള്‍ നില്‍ക്കുന്നുണ്ട്.
ആകാശത്തേക്ക് ഇടയ്ക്കിടെ നോക്കും
ആകാശത്തൂന്ന് വീഴുന്ന നിറങ്ങള്‍ബ്രഷിലേക്കൊതുക്കാനായി.
കൊഞ്ചിച്ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍
ദൃഡതയോടേ മമ്മൂട്ടി
പലപല പെണ്‍മോറുകള്‍
അവന്റെ വരകളിലേക്കൊതുങ്ങിക്കൂടുന്നു
നഗരത്തിലെ നിറങ്ങള്‍ക്കും
 തിളക്കത്തിനുമായിഅയാള്‍ വരയ്ക്കുന്നു
ബ്രഷില്‍ എപ്പോഴും ടര്‍പ്പന്‍ തൊടാത്ത നിലവിളി
ഹോര്‍ഡിംഗ്,ബാനര്‍,ഭിത്തികള്‍
നിറമുള്ള ചുംബനത്തിനായി കാത്തിരിക്കും
ഞാനും വരയ്ക്കും
അതെ ബ്രഷ് ചലനത്തിലല്ലാതെ
പാലറ്റില്‍ ചായം കോരിയൊഴിച്ച്
സന്ധ്യയെ വരയ്ക്കും
ഞാനെന്നെത്തന്നെ വരച്ചുവെയ്ക്കും
എനിക്കും അവനുമിടയില്‍
 ഹോര്‍ഡറിന്റെ ഉയരത്തില്‍
മഞ്ഞ നിറം ബ്രഷിനാല്‍ മായുന്നു
അവന്‍ ഒരു ബ്രഷ് ഇനാമലില്‍ മുക്കി
അടുത്ത തകരഭിത്തിയിലേക്ക്
എഴുതിക്കളയുന്നുതന്റെ
കറുത്ത് മെലിഞ്ഞതല്ലാ‍ത്ത രൂപങ്ങള്‍.