Jul 31, 2009

ഇലവ്


ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍
 ചെറു മഞ്ഞു കഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തിത്തീരുമ്പോള്‍
പാവം തോന്നും.
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്മുടി മുഴുവന്‍ ചുവപ്പിച്ച്ഞെളിഞ്ഞത്...?

ഏകാന്തം


ബസ്സുറക്കത്തിന്നിറക്കമിറങ്ങുന്നു
മുന്നില്‍ മഴയുടെ തണുത്ത മുടിയിഴ
കവിളിലുരുമ്മുന്നരുമയായി,കമ്പിയില്‍
തല കീഴായി കഥയുരയുന്നുണ്ടു കാറ്റ്

ഉത്തരമില്ലൊന്നിനും;എനിക്കുമീയാത്രയ്ക്കും.

അടുത്ത സ്റ്റോപ്പില്‍ യുദ്ധ ചിത്രങ്ങളിറങ്ങി;
ഉറക്കത്തിന്നിറക്കത്തിലേക്കൊരപകടം
കാലിടറി വീഴുമോ;അരികിലില്ല നീ!

കൂവല്‍


വഴികളിലൂടെ-യിരച്ചുവരുന്നു,
ഇരുട്ടിന്‍ മറകീറി കാതിലെത്തുന്നു.

നിശ്ശബ്ദതയിലെ അറബനത്താളമോ,
പാപ്പന്‍റെ വീക്കന്‍ ചെണ്ടയോ,
കബറിന്‍ മോളിലൂടെ
പറന്നു വരും ബാങ്കോലിയോ,
പുഴയ്ക്കു മീതെ
മലയില്‍ നിന്ന് വരും
മഴയോച്ച്ചയോ,
മൂന്നാംമൈലിറക്കത്തില്‍ തെന്നി വീണ
വണ്ടിയോ,
വാറ്റ് കുടിച്ചുറഞ്ഞുപോയ
നിലവിളിത്തൊണ്ടയോ,

ചോദ്യങ്ങള്‍പാലം കടന്ന് പാഞ്ഞൂ.. .

ഇരുട്ടിന്‍ മറകീറി വരുന്നൂ
മറ്റുളളവരിലേക്കും.
ഉറക്കത്തില്‍ഒന്നുമോര്‍മ്മവേണ്ടിനി.