May 27, 2016

ഇലകളായി ജീവിക്കേണ്ടിവന്ന പൂവുകള്‍
------------------------------------------
പൂവുകളായി ജനിക്കാനായിരുന്നു ഉത്തരവ്
എന്നാല്‍ ഇലകളായി കൊമ്പു നീട്ടി
നിറങ്ങളും ഗന്ധവും മോഹിച്ചു
പച്ചയുടുത്ത് തലകുനിച്ചു നിന്നു
വേരുകള്‍ ശേഖരിച്ചവയെല്ലാം
പാകം ചെയ്തു പച്ചയായിപ്പോയി
ഒന്നു ചിരിക്കാനോ കരയാനോ ആകാതെ
പൂവുകളെ കാമുകര്‍ ചുംബിക്കുന്നതു കണ്ട്
എന്തോ ഒരിത് ഞരമ്പുകളിലൂടെ പായും
വല്ലാത്ത ഒരു ഒറ്റപ്പെടല്‍
ഇലകള്‍ ഇലകളോടിങ്ങനെ
പൂവുകള്‍ പരാഗങ്ങള്‍ വിതറി
ചെയ്യുന്നത് ആവുില്ലല്ലോ?
ചുംബനങ്ങള്‍, തലോടല്‍
എല്ലാം അന്യമാണീ പച്ചപ്പിന്
എല്ലാം കഴിഞ്ഞ് താഴോട്ടു വീഴുന്ന പൂവിനെ
കവിതയാല്‍ വാഴ്ത്താന്‍ ആളുണ്ട്
ഇളം പച്ച കരിമ്പച്ചയായി
മഞ്ഞച്ച് വീഴുന്ന ഞങ്ങളെ
ആര്‍ക്കു വേണം?
മണ്ണിനടിയില്‍ വേരുകള്‍
രഹസ്യമായി തൊടുമ്പോള്‍
വെറുതെ പാറിക്കളയുവാനല്ലാതെ
എന്തു ചെയ്യാന്‍?
ഇതാ ഞരമ്പുകളറ്റുപോകുന്ന ഈ പോക്കില്ലേ
മണ്ണു കാത്തിരിക്കുന്നുണ്ടാവും
മണവും അഴകുമില്ലാത്ത ഈ ഞങ്ങളെ!

No comments:

Post a Comment