May 20, 2014

ബാംസുരി



നിലാവില്‍ ഞാന്‍ നില്‍ക്കുന്നു
ഹരി ബാംസുരിയിലൂടൊഴുകി വരുന്നു.
ആകാശം നക്ഷത്രങ്ങള്‍ വിടര്‍ത്തുന്നു.
പുഴ പറഞ്ഞ കവിതയില്‍ നിലവിളിയുടെ ധര്‍ബാരി...

ഏതു ശേറിലാണ് നിന്നെക്കുറിച്ചുള്ള വിലാപങ്ങള്‍ ഒളിപ്പിക്കുക?
ഏതു മത് ലയിലാണ് നിനക്കുള്ള പ്രണയാശംസകള്‍ ഞാന്‍ നല്‍കുക?
നിലാവ് ഇടുങ്ങിയ ഗലിയിലൂടെ ഒഴുകിവരുന്നു.
ഈ രാത്രിയില്‍
എന്‍റെ വീട്ടുമുറ്റത്ത് ജാസ്മിനുകളെല്ലാം വിടര്‍ന്നിട്ടുണ്ടാവും!
എനിക്കു ചന്ദ്രിക കാണണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്
നിശാഗന്ധി കണ്ണുകളടയ്ക്കുന്നുണ്ടാവും !
വഴികളെല്ലാം അറ്റമില്ലാതൊടുങ്ങുന്നുണ്ടാവും
റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ രാവെളിച്ചം
നിന്‍റെ വീട് കാണിച്ചു തരുന്നു.
നീയില്ലാത്ത വീട്
നാവറ്റ സ്വരംപോല്‍ ഭീതിദം.


ഈ വഴിയേ നടന്നാല്‍ നിന്നടുത്തെത്താം
പൂവുകളെല്ലാം വിടര്‍നിരിക്കുന്നുവെന്നു പറയാം
പുലരും വരെ
നിന്‍റെ മയില്‍പ്പീലിമിഴിയില്‍ കണ്ണെറിഞ്ഞ്,
നീ..നീയെന്നു പുലമ്പി
ചാരുകേശാല്‍ ഗസലുതി ര്ത്ത്,
എനിക്കു നീയല്ലാതാരുമില്ലെന്നും,
മലകളെല്ലാം മഴ കാണാന്‍ കൊതിക്കുന്നെന്നും പറഞ്ഞ്
ഒരു രാത്രികൊണ്ട് ജനിച്ച് ജീവിച്ച്
കിഴക്ക്‌ സൂര്യന്‍ വിരലുകളുയര്‍ത്തുമ്പോള്‍
വേദനയോടെനിക്ക് മരണത്തിനു പിറകെ നടക്കണം!
മൃത്യുവാണൂത്തരം,ജീവിതം ചോദ്യവും!



പക്ഷേ... ഹരിയുടെ ബാംസുരി പെയ്തു തീരുന്നില്ല..



No comments:

Post a Comment